Saturday 15 July 2017

പെൻസിൽ

പുതിയ നാടകം എഴുതിത്തുടങ്ങി. വഴിയാത്രയ്ക്കിടയിൽ തോന്നിയ ചിന്ത , നാടകത്തിന്റെ ഓരം പിടിച്ചങ്ങിനെ . നാടകമൊരു  ലഹരി പോലെ കൂടെ കൂടിയിട്ടുണ്ട്. ചിലതങ്ങിനെയാണ്, വിട്ട് പോവില്ല , വട്ട് പോലെ , നിഴല് കണക്കെ നമ്മെ പിൻതുടരും. ചില ഭ്രാന്തുകൾ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്,  അറുത്ത് മാറ്റാനോ , മതിലിനാൽ അകറ്റി നിർത്താനോ സാധിയ്ക്കില്ലല്ലോ.

Tuesday 11 July 2017

ഭൂപടക്കീറുകൾ

ഭൂപടത്തെ കീറിയെടുത്തന്നേ
നിന്റെ ലോകത്തെ ഒട്ടിച്ചുവച്ചിട്ടുണ്ട്
എന്റെ മണ്ണിടത്തിൻ രേഖയോടു
തൊട്ടുരുമ്മിയങ്ങിനെ.

എന്നിട്ടുമെന്തേ ഇന്നും
രണ്ടു രാജ്യം കണക്കെ
വേറിട്ടു നിൽപ്പുണ്ടല്ലോ
നമ്മുടെ ഭൂപടക്കീറുകൾ
രമിയ്ക്കാൻ കഴിയാതങ്ങിനെ.

അതിനാലാവണം വാക്കുകളറിയാതെ
മേഘങ്ങളായ് ഉരുകിയൊലിയ്ക്കുന്നു,
കടലാസിലൂടെ കോരിയെടുത്ത്
കുടിയ്ക്കുന്നീ പ്രണയലായനി നിത്യവും.

ഒന്നിയ്ക്കുവാനിനി നമുക്കാവില്ലല്ലോ,
രണ്ട് സാമാന്തര രേഖകൾ പണ്ടേ നമ്മൾ.

അനന്തതയിലേയ്ക്കെന്റെ കാഴ്ചകൾ -
എത്തി നോക്കുന്നു, പ്രതീക്ഷപോൽ
കണക്കു തെറ്റിച്ചെങ്ങാൻ നമ്മെ
കാലം സംഗമിപ്പിച്ചെന്നാകിൽ .......

രാധയോട്


കൃഷ്ണനാവാനില്ല,
ഓടക്കുഴൽ പണ്ടേ
ആറ്റിലെറിഞ്ഞവൻ,
ഞാനാ സങ്കടപേമാരിയിലെന്നേ
സ്വയം രമണനായ് മാറിയോൻ.

പൊറുക്കുകെൻ രാധേ!
പൊറുക്കുകെൻ കാലമേ
പൊറുക്കുകെൻ വാക്കേ
പൊറുക്കുകെൻ പൊരുളേ.

ഉള്ളിലായ് തനിച്ചു പാർത്തകാറ്റും
നിസ്വാർത്ഥമാം നോട്ടങ്ങളും
അസ്തമിച്ചെന്നേ കടലിന്നോരം ചാരി.
മരണത്തിൻ കയത്തിലും,
സ്മരണതൻ ചെപ്പിലും,
ശൂന്യതമാത്രമെന്നറിക നീ,
ഒരു മഴ പെയ്തു തോർന്ന പോൽ

വർഷങ്ങൾക്ക് മുൻപ്


ക്യാമറകൾക്ക് കണ്ണ് വയ്ക്കുന്നതിന്
മുൻപുള്ള മഹാനഗരം .
സൈൻ ബോർഡുകളിൽ
ഓസിമാന്റിയസ്സിനെ ഓർമ്മപ്പെടുത്തുംപോലെ
തുരുമ്പിച്ച രേഖകൾ, നേർക്കാഴ്ച്ചകൾ.

പകലും രാത്രിയും വേറിടാതെ കാക്കുന്ന
കൃത്രിമ വെളിച്ചങ്ങൾ, എല്ലാം
പിൻതുടരുന്നു നീളൻ നിഴലുകൾ.

പുറകിലൂടെ പാഞ്ഞെത്തുന്നൊരു
കൂർത്ത കത്തിതൻ നിഴലിലൂടെ
ഒരാൾ മറിഞ്ഞു വീഴുന്നു ,
നനഞ്ഞ കത്തി തിരക്കിലേയ്ക്ക് ഉൾവലിയുന്നു.

ഒന്നുമറിയാത്ത പോൽ നഗരം
ദൈവത്തിന്റെ പ്രതിരൂപമെന്നപോൽ
ഒറ്റവലിയ്ക്ക് സത്യത്തെ കുടിച്ചു തീർക്കുന്നു.

വിലപേശലിനിടയിൽ പെണ്ണൊരാൾ തെറിപ്പാട്ടുമായ്
മാന്യന്റെ പോക്കറ്റ് വലിച്ചുകീറുന്നു.

ആളുകളുടെ കണ്ണുകൾ ചെരിഞ്ഞിരുന്നെങ്കിലും,
ആസ്വാദനത്തിന്റെ പരിഹാസച്ചിരി
ചുണ്ടിൽ പുരട്ടിയിരുന്നെങ്കിലും,
ദിശതെറ്റാതൊഴുകാൻ മറന്നില്ല യാത്രികർ.

ആദ്യമായ്, നഗരം കണ്ട എന്റെയീ പാതിര
വിറയലോടെ , വീട്ടിലേയ്ക്കുള്ള വണ്ടി കയറുന്നു.

പ്രശാന്തം

കവിതകളും കത്തുകളും

Tuesday 31 May 2016


രഹസ്യം


എത്രമേൽ മണ്ണിട്ടു മൂടിയാലും 
കിളിർക്കാതിരിയ്ക്കില്ല വിത്തുകൾ 
മനസ്സിൽ പണ്ടേ പാകി-
വളമിടാൻ മറന്നയീ കിനാവുകൾ 
പ്രായമത്രമേൽ കടന്നുവെങ്കിലും 
ഇമ്മഴ കൊണ്ടതു കിളിർക്കുമെന്നാരോ 
ഉള്ളിലായൊരു രഹസ്യം പറഞ്ഞു -
മിന്നായമായ് മാറി രസിപ്പുവെങ്കിലും !

Monday 30 May 2016


വീട്
-----

മണ്ണിലല്ലാതെ
തറയില്ലാതെ
ചുമരില്ലാതെ
തൂണില്ലാതെ
മേൽക്കൂരയില്ലാതെ
പടുത്തതാണെന്റെ വീട് .

പാലുകാച്ചലിനു വന്നവർ
എന്റെ മുതുകിൽ തട്ടിപ്പറഞ്ഞു
പ്രകൃതി രമണീയമീ ഭവനം !
ചിലർ ആനന്ദാശ്രു പൊഴിച്ചു .

ഇത്തരം വീടുകൾ
നാട്ടിലൊരുപാടുണ്ടെന്ന് പറഞ്ഞപ്പോൾ
വിശ്വസിച്ചില്ല കൂടെയുള്ള ചിലർ .